Lesson 3ഭൂരിപക്ഷം ജനങ്ങളും ഈ ലോകമാകുന്ന സമുദ്രത്തിലെ അപകടത്തിൽപ്പെട്ട് ഭീതിയിൽ കഴിയുന്നു. അവരെ രക്ഷിക്കേണ്ടത് ആവശ്യമാണ്. ഒരു ബോട്ടിന്‍റെയോ ഹെലികോപ്റ്ററിന്‍റെയോ സഹായത്താൽ അല്ല, സ്വർഗ്ഗത്തിലെ പിതാവിൽ നിന്നും ആണ് നമുക്ക് അടിയന്തര രക്ഷ ലഭിക്കേണ്ടത്. ഈ ലോകത്തിന്‍റെ അധിപതിയായ വലിയവനായ ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു പാവപ്പെട്ടവര്‍ക്കും പാപികളായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും എല്ലാവര്‍ക്കും വേണ്ടി തന്നെ മറുവിലയായി നല്കി. നിങ്ങള്‍ ഇതിനെക്കുറിച്ചു കേട്ടിട്ടുണ്ട് എന്നതിനു സംശയമില്ല. എന്നാല്‍ വാസ്തവമായി നിങ്ങള്‍ ഇതിനെക്കുറിച്ചു മനസ്സിലാക്കിയോ? ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനത്തേക്കുറിച്ചു നിങ്ങള്‍ വ്യക്തിപരമായി എന്താണ് അര്‍ത്ഥമാക്കുന്നത്? അതു നിങ്ങളുടെ ജീവിതത്തേയും ഹൃദയത്തേയും മാറ്റിയോ? നിങ്ങള്‍ അനുവദിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാകും. എപ്രകാരം ഇതു സംഭവിക്കും എന്നു വായിച്ചു മനസ്സിലാക്കുക.
ദൈവം നിങ്ങളെ വ്യക്തിപരമായി കരുതുന്നു. സന്തോഷിക്കാന്‍ എത്ര അവിശ്വസനീയ കാരണം!
1. ദൈവം വാസ്തവമായി എന്നെക്കുറിച്ചു കരുതുന്നവനാണോ?
"നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു എന്നു യഹോവ കല്‌പിക്കുന്നു" യെശയ്യാവ്. 43:4 " നിത്യസ്നേഹം കൊണ്ടു ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു" യിരെമ്യാവ്. 31:3
ഉത്തരം: അതിരുകളില്ലാത്ത ദൈവസ്നേഹം നമ്മുടെ ചിന്തയ്‍ക്കതീതമാണ്. ഈ പ്രപഞ്ചത്തില്‍ നഷ്ടപ്പെട്ട ഏക വ്യക്തി നിങ്ങളാണ് എന്ന നിലയില്‍ ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ഈ ലോകത്തില്‍ നിങ്ങളല്ലാതെ മറ്റൊരു പാപിയും ഇല്ലാതിരുന്നെങ്കിലും കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി മരിക്കുമായിരുന്നു. ഇതു നിങ്ങള്‍ ഒരിക്കലും മറക്കരുത്. അവന്‍റെ കാഴ്ചപ്പാടില്‍ നിങ്ങള്‍ വിലയേറിയവനാണ്. അവന്‍ നിന്നെ സ്നേഹിക്കുന്നു.
സ്നേഹത്തിന് കുരിശിനെപ്പോലെ അതിമഹത്തായ മറ്റൊരു തെളിവു ഇല്ല.
2. ദൈവം നമ്മോടുള്ള തന്‍റെ സ്നേഹം എപ്രകാരം പ്രകടമാക്കിയിരിക്കുന്നു?
“തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". യോഹന്നാന്‍ 3:16. ദൈവം സ്നേഹം തന്നേ. ദൈവം തന്‍റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല അവൻ നമ്മെ സ്നേഹിച്ചു തന്‍റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചതു തന്നേ സാക്ഷാല്‍ സ്നേഹം ആകുന്നു." 1 യോഹന്നാൻ. 4:9, 10.
ഉത്തരം: ദൈവം നമ്മെ അഗാധമായി സ്നേഹിച്ചതുകൊണ്ടും നമ്മെ നിത്യമായി പിരിഞ്ഞിരിക്കുവാന്‍ ദൈവത്തിന് ആഗ്രഹമില്ലാത്തതുകൊണ്ടും തന്‍റെ പുത്രന്‍ നമുക്കുവേണ്ടി കഷ്ടം അനുഭവിച്ചു മരിക്കുന്നതിനു വേണ്ടി അയക്കപ്പെട്ടു. നമുക്ക് ഇതു മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു - നിനക്കുവേണ്ടിയും എനിക്കുവേണ്ടിയും!
യേശു സ്നേഹിക്കാത്ത ഒറ്റവ്യക്തിയും ഈ ലോകത്തില്‍ ഇല്ല.
3. എന്നെപ്പോലുള്ള ഒരു വ്യക്തിയെ ദൈവത്തിന് എങ്ങനെ സ്നേഹിക്കാന്‍ കഴിയും?
"ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു." റോമര്‍. 5:8.
ഉത്തരം: തീര്‍ച്ചയായും ഞാന്‍ അതിനെ സമ്പാദിച്ചില്ല. എനിക്കത് അര്‍ഹതപ്പെട്ടതും അല്ല. പാപത്തിന്‍റെ ശമ്പളമായ മരണമല്ലാതെ മറ്റൊന്നും ആരും സമ്പാദിച്ചിട്ടില്ല. (റോമര്‍. 6:23). എന്നാല്‍ യാതൊരു വ്യവസ്ഥകളും ഇല്ലാത്തതാണ് ദൈവസ്നേഹം. ദൈവം മോഷ്ടാക്കളെയും വ്യഭിചാരികളേയും കുലപാതകന്മാരേയും സ്നേഹിക്കുന്നു, സ്വാര്‍ത്ഥന്മാരേയും കപടഭക്തിക്കാരേയും ദൈവദൂഷണം പറയുന്നവരേയും അവന്‍ സ്നേഹിക്കുന്നു. അതിനെക്കാള്‍ ഉപരിയായി ദൈവം എന്നെ സ്നേഹിക്കുന്നു! എന്‍റെ പാപം എന്നെ ദുരിതങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്നതുകൊണ്ടു എന്നെ രക്ഷിപ്പാന്‍ ദൈവം ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് അവന്‍ മരിച്ചത്.
നിങ്ങള്‍ ചെയ്യാന്‍ സാദ്ധ്യതയുള്ള സകല പാപങ്ങള്‍ക്കും യേശുവിന്‍റെ മരണം ഒരു പൂര്‍ണ്ണമായ പരിഹാരം വരുത്തുകയുണ്ടായി. യേശുവിന്‍റെ ഈ വലിയ ദാനം നിങ്ങള്‍ സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തിലെ ഒരു അംഗമായിത്തീരുകയാണ്.
4. ക്രിസ്തുവിന്‍റെ മരണം എനിക്ക് എന്തു പ്രദാനം ചെയ്യുന്നു?
"കാണ്മീന്‍ നാം ദൈവമക്കളെന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു." 1 യോഹന്നാൻ. 3:1. "അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു." യോഹന്നാൻ. 1:12.
ഉത്തരം: മരണത്തിനു വിധിക്കപ്പെട്ട എന്നെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചത്. എനിക്ക് വിധിക്കപ്പെട്ട മരണം വഹിക്കുന്നതിനുവേണ്ടി അവന്‍ മനുഷ്യനായിത്തീര്‍ന്നു. അവന്‍ പ്രവര്‍ത്തിച്ചതിന്‍റെ കീര്‍ത്തി എനിക്കുവേണ്ടി നല്‍കുവാന്‍ തയ്യാറായി. എന്നെ നീതിമാനാക്കുന്നതിനുവേണ്ടി അവന്‍റെ പാപരഹിതമായ ജീവിതം എനിക്കു വേണ്ടി നല്കി. എന്‍റെ കഴിഞ്ഞകാല പാപങ്ങള്‍ക്കു പ്രായശ്ചിത്തമായി ദൈവം കാല്‍വറിയിലെ യാഗം അംഗീകരിക്കയുണ്ടായി. അവന്‍ എനിക്കുവേണ്ടി നിര്‍വ്വഹിച്ചത് ഒരു ദാനമായി ഞാന്‍ അംഗീകരിക്കുമ്പോൾ ഞാനും ദൈവത്തിന്‍റെ സ്വന്തം കുടുംബത്തിലെ അംഗമായിത്തിരുകയാണ്, അവന്‍റെ പുത്രീപുത്രന്മാരായിത്തീരുകയാണ്. അതു മനുഷ്യ മനസ്സിനു ഭാവന ചെയ്യാനാകാത്ത അത്യത്ഭുതകരമായ അനുഗ്രഹമാകുന്നു!
ഈ ലഘുവായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരു നിമിഷം ധ്യാനിക്കുക:
എന്‍റെ പാപങ്ങള്‍ നിമിത്തം ഞാന്‍ മരണത്തിന്നു വിധിക്കപ്പെട്ടവനാണ്.ഈ അവസ്ഥയില്‍ ഞാന്‍ മരിച്ചാല്‍ നിത്യമായ ജീവിതം എനിക്കു ലഭിക്കയില്ല, നിത്യനാശമായിരിക്കും ഫലം.വീട്ടുവാന്‍ കഴിയാത്തവിധം ഞാന്‍ കടക്കാരനാണ്. എന്നാല്‍ യേശു എന്ന സ്നേഹിതന്‍ വന്നു എന്നോടു പറയുന്നത് "നിന്‍റെ കടങ്ങള്‍ ഞാന്‍ വീട്ടാം. ഞാന്‍ നിനക്കുവേണ്ടി മരിക്കയാല്‍ നീ ക്രഡിറ്റുള്ളവനായി തീര്‍ന്നിരിക്കയാണ്. നിന്‍റെ പാപങ്ങള്‍ക്കു വേണ്ടി നീ മരിക്കേണ്ട ആവശ്യം ഇല്ല" എന്നാണ്. ഈ നിര്‍ദ്ദേശം ഞാന്‍ സ്വീകരിക്കേണം! എന്‍റെ പാപങ്ങള്‍ക്കു വേണ്ടി യേശു മരിച്ചു എന്നു ഞാന്‍ സമ്മതിക്കയും വിശ്വസിക്കയും ചെയ്യുന്നു. ഇപ്രകാരം വിശ്വസിക്കുന്ന നിമിഷം തന്നെ ഞാന്‍ ദൈവത്തിന്‍റെ ഒരു മകനായി അഥവാ മകളായി തീര്‍ന്നിരിക്കയാണ്!നിങ്ങള്‍ക്കു വീട്ടുവാന്‍ കഴിയാത്ത പാപക്കടം പരിഹരിക്കുന്നതിന് യേശു മരിക്കുകയുണ്ടായി.
5. എനിക്കു് എപ്രകാരം അവനെ പ്രാപിക്കാനും മരണത്തില്‍ നിന്നു ജീവനിലേക്കു് പ്രവേശിക്കാനും സാധിക്കും?
മൂന്നു കാര്യങ്ങള്‍ അംഗീകരിക്കുക:
1. ഞാന്‍ ഒരു പാപിയാണ്. "എല്ലാവരും പാപം ചെയ്തു" റോമര്‍. 3:23.
2. ഞാന്‍ മരണത്തിനു വിധിക്കപ്പെട്ടവനാണ്. "പാപത്തിന്‍റെ ശമ്പളം മരണം" റോമര്‍. 6:23.
3. എന്നെ സ്വയമായി രക്ഷിക്കാന്‍ കഴികയില്ല. "എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല" യോഹന്നാൻ. 15:5.
ഇനി മൂന്നു കാര്യങ്ങള്‍ വിശ്വസിക്കുക:
1. യേശു എനിക്കു വേണ്ടി മരിച്ചു "എങ്കിലും ദൈവകൃപയാല്‍ എല്ലാവര്‍ക്കും വേണ്ടി.... യേശു മരണം അനുഭവിച്ചു." എബ്രായര്‍. 2:9.
2.അവന്‍ എന്നോടു ക്ഷമിക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ അവന്‍ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." 1 യോഹന്നാൻ. 1:9.
3. അവന്‍ എന്നെ രക്ഷിക്കുന്നു. "വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്." യോഹന്നാൻ. 6:47.
ഉത്തരം: യാചിക്കയും വിശ്വസിക്കയും സ്വീകരിക്കയും ചെയ്യുന്നതിലൂടെ ദൈവത്തിന്‍റെ വലിയ ദാനമായ യേശുക്രിസ്തുവിനെ ലഭിക്കുന്നു.
നിങ്ങള്‍ പാപത്തില്‍ മുങ്ങിത്താഴുന്നുവോ? യേശുവിനെ വിളിക്കുക, അവന്‍ നിങ്ങളെ ഉടനേ രക്ഷിക്കും.
6. ഈ മഹത്തായ രാക്ഷാദാനം ലഭിക്കുന്നതിനു ഞാന്‍ എന്തു ചെയ്യേണം?
"അവന്‍റെ കൃപയാല്‍ ക്രിസ്തുവേശുവിങ്കലെ വീണ്ടെടുപ്പു മൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്" റോമർ. 3:24. "അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു." റോമർ. 3:28.
ഉത്തരം: രക്ഷ ദൈവത്തിന്‍റെ ദാനമാണെന്ന് അംഗീകരിക്കുന്നതിലൂടെ സൗജന്യമായി അതു ലഭിക്കുന്നു. നീതീകരണ അനുഭവം പ്രവര്‍ത്തിയാലല്ല ലഭിക്കുന്നത്. വിശ്വാസത്താല്‍ യാചിക്കുന്ന ഏവനും രക്ഷ ലഭിക്കുന്നു. ഇപ്രകാരം വിശ്വസിക്കുന്ന ഏതു ഹീന പാപിയേയും ദൈവം അംഗീകരിക്കയും അവനെ ശ്രേഷ്ടനാക്കിത്തീര്‍ക്കയും ചെയ്യുന്നു. ഭൂതകാലം ഓര്‍ക്കയില്ല. ദൈവം എല്ലാവരേയും ഒരേപോലെ സ്നേഹിക്കുന്നു. യാചിക്കുന്ന ഏവനും ക്ഷമ ലഭിക്കുന്നു. " കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിന്നും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്‍റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല." എഫേസ്യർ. 2:8, 9.
യേശുവിന്‍റെ ശക്തി മത്സരിയായ ഒരു പാപിയെ സ്നേഹസമ്പന്നനായ വിശുദ്ധനാക്കുന്നു.
7. വിശ്വാസത്താല്‍ ഞാന്‍ ദൈവ കുടുംബത്തിലെ അംഗമായിത്തീരുമ്പോള്‍ എന്തു മാറ്റമാണ് യേശു എന്‍റെ ജീവിതത്തില്‍ വരുത്തുന്നത്?
"ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ അതു പുതുതായി തീര്‍ന്നിരിക്കുന്നു". 2 കൊരിന്ത്യര്‍. 5:17.
ഉത്തരം: ക്രിസ്തുവിനെ എന്‍റെ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ അവന്‍ എന്‍റെ പഴയ പാപസ്വഭാവങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ഒരു ആത്മീക സൃഷ്ടിയാക്കി എന്നെ തീര്‍ക്കുകയും ചെയ്യുന്നു. കുറ്റബോധത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും മഹത്തായ സ്വാതന്ത്ര്യം ലഭിച്ച് ആദ്യമായി ഞാന്‍ സന്തോഷം അനുഭവിക്കുന്നു. ക്രിസ്തുവിനെക്കൂടാതെയുള്ള എന്‍റെ ജീവിതം എത്ര ശൂന്യമായിരുന്നു എന്നു ഇപ്പോള്‍ മനസ്സിലാക്കുന്നു. മേശയില്‍ നിന്നു വീഴുന്ന എച്ചില്‍ ഭക്ഷിക്കുന്ന ഞാന്‍ ഇപ്പോള്‍ രാജാവിന്‍റെ വിരുന്നു ഭോജനം കഴിക്കുന്നു. ഒരു ആയുഷ്കാലം പിശാചിനെ സേവിച്ചതിനേക്കാള്‍ സന്തോഷം ഒരു നിമിഷം ദൈവത്തോടൊത്തു കഴിയുന്നതില്‍ നിന്നും ലഭിക്കുന്നു. എന്തൊരു മാറ്റം! ഇതു പ്രാപിക്കാന്‍ ഞാന്‍ എന്തിനു ഇത്രകാലം കാത്തിരുന്നു?
രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായി തീരുന്നതാണ് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.
8. എന്‍റെ പഴയ ലോകസുഖത്തേക്കാളും സന്തോഷകരമാണോ മാനസാന്തരപ്പെട്ട ജീവിതം?
യേശു പറഞ്ഞു: "എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു". യോഹന്നാൻ. 15:11. "പുത്രന്‍ നിങ്ങള്‍ക്കു് സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും." യോഹന്നാൻ. 8:36. "അവര്‍ക്കു് ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്". യോഹന്നാൻ. 10:10.
ഉത്തരം: സ്വയത്യാഗങ്ങളും നിയന്ത്രണങ്ങളും നിറഞ്ഞ ക്രിസ്തീയ ജീവിതം സന്തോഷകരമല്ല എന്നു പലരും കരുതുന്നു. എന്നാല്‍ സത്യം നേരെ മറിച്ചാണ്. യേശുവിന്‍റെ സ്നേഹം നിങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഒരു ആഹ്ളാദത്തിമിര്‍പ്പ് നിങ്ങളില്‍ ഉത്ഭവിക്കുന്നു. വിശ്വസിക്കാന്‍ കഴിയാത്ത സമാധാനവും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വന്ന വ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. പരാജയങ്ങളും സ്വാര്‍ത്ഥതയും നിറഞ്ഞ പഴയ ജീവിതത്തോടു് യാതൊരു സാമ്യവും അതിന് ഇല്ല. ഒരു ചീത്ത സ്വപ്നം പോലെ വേദനയുടെ പഴയ നാളുകള്‍ കടന്നുപോയി, സമൃദ്ധമായ ജീവിതം നിങ്ങള്‍ അനുഭവിക്കുന്നു, ദൈവം ഉദ്ദേശിച്ച തരത്തിലുള്ള സമൃദ്ധമായ ജീവിതം നിങ്ങള്‍ക്കു് ലഭിക്കുന്നു.
യേശു നിങ്ങളുടെ ജീവിതത്തില്‍ വരുമ്പോള്‍ അവന്‍റെ അത്ഭുത ശക്തിയാല്‍ നെടുവീര്‍പ്പിനു പകരം അനുസരണത്തിലൂടെ പരമമായ സന്തോഷം ലഭിക്കുന്നു
9. ഒരു ക്രിസ്ത്യാനി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യാന്‍ എനിക്ക് കഴിയുമോ?
"ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തു അത്രെ എന്നില്‍ ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താല്‍ അത്രെ ജീവിക്കുന്നത്" ഗലാത്യര്‍. 2:20. " എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു" ഫിലിപ്പിയര്‍. 4:13.
ഉത്തരം: ഇവിടെ ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം വെളിപെടുത്തിയിരിക്കുന്നു. നിങ്ങളെ നിര്‍ബന്ധിച്ചു നല്ലവരാക്കേണ്ട ആവശ്യമില്ല. യേശുവിന്‍റെ ജീവിതം ഒരു ക്രിസ്ത്യാനിയുടെ ജിവിതത്തിലൂടെ നിറഞ്ഞു കവിയുന്നു; നിങ്ങളുടെ ജീവിതത്തിലെ പ്രകൃതിദത്തമായ സ്നേഹത്തിന്‍റെ പ്രതികരണമാണ് അനുസരണം. ദൈവത്താല്‍ വീണ്ടും ജനിച്ച ഒരു വ്യക്തി അവനെ അനുസരിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്ന ഒരാളെ പ്രസാദിപ്പിക്കുന്നതു നിങ്ങള്‍ക്കു ഒരു ഭാരമല്ല, ആനന്ദമാണ്. "എന്‍റെ ദൈവമേ നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സങ്കീര്‍ത്തനം. 40:8.
നിങ്ങള്‍ യഥാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരാളെ പ്രസാദിപ്പിക്കാന്‍ നിങ്ങള്‍ക്കു പ്രയാസമില്ല.
10. പത്തു കല്പന അനുസരിക്കുന്നതു ഭാരമല്ല എന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്?
"നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പന കാത്തുകൊള്ളും" യോഹന്നാൻ. 14:15 " അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല" 1 യോഹന്നാൻ. 5:3 "എന്നാല്‍ ആരെങ്കിലും അവന്‍റെ വചനം അനുസരിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു" 1 യോഹന്നാൻ. 2:5.
ഉത്തരം: ബൈബിള്‍ എപ്പോഴും അനുസരണത്തെ സ്നേഹബന്ധത്തോട് സംയോജിപ്പിച്ചിരിക്കുന്നു. കല്പന അനുസരിക്കുന്നത് വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനിക്ക് ഒരു പ്രശ്നമേ അല്ല. യേശുവിന്‍റെ യാഗത്താല്‍ എന്‍റെ പാപങ്ങള്‍ മൂടപ്പെട്ടു. എന്‍റെ ഇപ്പോഴത്തെയും ഭാവിയിലേയും അനുസരണം അവന്‍റെ വിജയപ്രദമായ ജീവിതത്തില്‍ വേരൂന്നിയാണ്. എന്‍റെ ജീവിതത്തെ ഇത്രമാത്രം മാറ്റിയതിനു ഞാന്‍ എന്‍റെ കര്‍ത്താവിനെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ട് പത്തു കല്പന അനുസരിക്കുന്നത് എനിക്കു ഭാരമല്ല. അവന്‍റെ ഇഷ്ടം അറിയുന്നതിനു ഞാന്‍ ദിവസവും തിരുവെഴുത്തുകള്‍ പരിശോധിക്കുന്നു, ഇതിലൂടെ ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുവാന്‍ ഞാന്‍ പരിശ്രമിക്കുന്നു. " അവന്‍റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് എന്തു യാചിച്ചാലും അവങ്കല്‍ നിന്നു ലഭിക്കും" 1 യോഹന്നാന്‍ 3:22
രക്ഷ കിട്ടുന്നതിനു വേണ്ടിയുള്ള പരിശ്രമമായി കല്പന അനുസരിക്കുന്നവര്‍ക്കു കഷ്ടവും നിരാശയും ഉണ്ടാകും. എന്നാല്‍ രക്ഷ ദൈവത്തിന്‍റെ ദാനമായി അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിക്ക് കല്പനാനുസരണത്തിന്‍റെ വഴി സന്തോഷകരമാണ്.
11. ദൈവജനങ്ങളുടെ കല്പനാനുസരണവും, നിയമാനുഷ്ടാനത്തിലൂടെയാണ് രക്ഷ എന്ന സിദ്ധാന്തവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നു എനിക്ക് എങ്ങനെ തീര്‍ച്ചപ്പെടുത്താം?
"ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണത കൊണ്ടു ഇവിടെ ആവശ്യം" വെളിപ്പാട്. 14:12 "അവര്‍ (വിശുദ്ധന്മാര്‍) അവനെ (സാത്താനെ) കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല" വെളിപ്പാട്. 12:11.
ഉത്തരം: നിയമാനുഷ്ടാനത്തിലൂടെയാണ് രക്ഷ എന്ന സിദ്ധാന്തവുമായി അനുസരണത്തെ തെറ്റിദ്ധരിക്കരുത്. സല്‍കര്‍മ്മങ്ങളിലൂടെയാണ് രക്ഷ എന്നാണ് നിയമാനുഷ്ടാനസിദ്ധാന്തം പഠിപ്പിക്കുന്നവര്‍ വിശ്വസിക്കുന്നത്. വേദപുസ്തകത്തില്‍ വിശുദ്ധന്മാരുടെ നാലു സവിശേഷതകള്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണാന്‍ കഴിയും:(1) അവര്‍ ദൈവകല്പന അനുസരിക്കുന്നു, (2) കുഞ്ഞാടിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നു, (3) തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെയ്‍ക്കുന്നു, (4) പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കുന്നത് നല്ലത് എന്നെണ്ണുന്നു. ക്രിസ്തുവിനെ സ്നേഹിക്കയും അവനെ അനുഗമിക്കയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രത്യേകതകള്‍ ഇവയാണ്.
യേശുവുമായിട്ടുള്ള എന്‍റെ വിവാഹ ശുശ്രൂഷയാണ് സ്നാനം.
12. ഏതു പ്രധാനപ്പെട്ട പ്രവൃത്തി യേശുവുമായുള്ള സ്നേഹബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നു. അതു എന്തിന്‍റെ സാദൃശ്യമാണ്?
"അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ." "നാം ഇനി പാപത്തിന്നു അടിമപ്പെടാതെവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു." റോമര്‍. 6:4, 6. "ഞാന്‍ നിങ്ങളെക്കുറിച്ചു ദൈവത്തിന്‍റെ എരിവോടെ എരിയുന്നു, ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിര്‍മ്മല കന്യകയായി ഏല്പിപ്പാന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു". 2 കൊരിന്ത്യര്‍. 11:2.
ഉത്തരം: ഒരു വിശ്വാസിയുടെ ജീവിതത്തിലെ അര്‍ത്ഥവത്തായ മൂന്നു സംഭവങ്ങളാണ് സ്നാനം സാദൃശീകരിക്കുന്നത്:
1. പാപസംബന്ധമായ മരണം
2. ക്രിസ്തുവിലൂടെയുള്ള പുതിയ ജീവിതത്തിലേക്കുള്ള ജനനം
3. നിത്യതയ്‍ക്കു വേണ്ടി ക്രിസ്തുവുമായുള്ള വിവാഹശുശ്രൂഷ. സ്നേഹം വര്‍ദ്ധിക്കുന്തോറും ഈ ആത്മീയ ബന്ധം വളര്‍ന്നു ശക്തിപ്പെട്ടു ഹൃദ്യമായിത്തീരും. ഏതൊരു വിവാഹ ജീവിതത്തിലും എന്ന പോലെ സ്നേഹമില്ലെങ്കില്‍ സ്വര്‍ഗ്ഗതുല്യമായ ജീവിതം നരകമായിത്തീരും. സ്നേഹം നഷ്ടപ്പെടുമ്പോള്‍ കുടുംബജീവിതത്തിന്‍റെ കടമകള്‍ നിര്‍വ്വഹിക്കുന്നത് വിവാഹനിയമത്തിന്‍റെ ബന്ധത്തില്‍ ഒരു യാന്ത്രീക പ്രവര്‍ത്തനമായി മാറും. അപ്രകാരം ഒരു ക്രിസ്ത്യാനി യേശുവിനെ മുഖ്യമായി സ്നേഹിക്കുന്നതു ഉപേക്ഷിക്കുമ്പോള്‍ അവന്‍റെ ക്രിസ്ത്യാനിത്വം ചില നിയമങ്ങള്‍ പാലിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.
യേശുവിന്‍റെ സ്നേഹം ഞാന്‍ മറ്റുള്ളവരുമായി പങ്കുവയ്‍ക്കുമ്പോള്‍ എനിക്കു യേശുവിനോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നു.
13. യേശുവുമായിട്ടുള്ള എന്‍റെ ഈടാർന്ന ബന്ധത്തിൽ തുടർന്നു പോകുവാൻ എങ്ങനെ സാധിക്കും?
"തിരുവെഴുത്തുകളെ ശോധന ചെയ്യുക". യോഹന്നാൻ. 5:39
"ഇടവിടാതെ പ്രാര്‍ത്ഥിപ്പിൻ." 1 തെസ്സലൊനിക്യർ. 5:17.
"ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ യേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയില്‍ നടപ്പിൻ" കൊലൊസ്സ്യർ. 2:6.
"ഞാന്‍ ദിവസേന മരിക്കുന്നു." 1 കൊരിന്ത്യർ. 15:31.
ഉത്തരം: ആശയവിനിമയം ഇല്ലായെങ്കില്‍ സ്നേഹബന്ധം വളരുകയില്ല. കൂട്ടായ്മ വര്‍ദ്ധിക്കണമെങ്കില്‍ പ്രാര്‍ത്ഥനയും വേദപഠനവും അത്യാവശ്യമാണ്. എന്‍റെ ആത്മീയ ജീവിതം സംരക്ഷിക്കുന്നതിനു ഒരു പ്രേമലേഖനം പോലെ ദൈവവചനം ഞാന്‍ ദിവസേന വായിക്കേണ്ടതാണ്. പ്രാര്‍ത്ഥനയിലൂടെ ഞാന്‍ ദൈവത്തോടു സംസാരിക്കുമ്പോള്‍ എന്‍റെ ധ്യാനജീവിതം അഭിവൃദ്ധിപ്പെടുകയും ദൈവത്തിനു എന്നെക്കുറിച്ചുള്ള ഉദ്ദേശം അടുത്തറിയുന്നതിന് എന്‍റെ മനസ്സു തുറക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ദൈവം അവിശ്വസനീയമായ വിധത്തില്‍ എന്‍റെ സന്തോഷത്തിനായി കരുതുന്നത് കണ്ടെത്താന്‍ കഴിയും.
നമ്മുടെ ആത്മീയ വിവാഹത്തെ ദൈവം മുദ്ര വെക്കുന്നു.
നിത്യമായ ആത്മീയ വിവാഹത്തിന്നു മുദ്രയിടുമ്പോള്‍ എന്നെ ഒരിക്കലും ഉപേക്ഷിച്ചു കളകയില്ല എന്നു അവന്‍ വാഗ്ദത്തം ചെയ്തിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍. 55:22, മത്തായി 28:20, എബ്രായര്‍ 13:5) ഞാന്‍ രോഗത്തില്‍ ആയിരിക്കുമ്പോള്‍ എന്നെ സംരക്ഷിക്കുമെന്നും (സങ്കീർത്തനങ്ങൾ. 41:3; യെശയ്യാവ്. 41:10), എന്‍റെ ജീവിത നന്മയ്ക്കു വേണ്ട എല്ലാ ആവശ്യങ്ങളും എനിക്കു വേണ്ടി കരുതും എന്നും വാക്ക് തന്നിരിക്കുന്നു. (മത്തായി.6:25-34) യേശുവിനെ ഞാന്‍ വിശ്വാസത്താല്‍ സ്വീകരിച്ച് അവന്‍റെ വാഗ്ദത്തങ്ങള്‍ പര്യാപ്തമാണെന്നു കണ്ടെത്തിയതിലൂടെ എന്‍റെ ഭാവിയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഞാന്‍ അവനെ ആശ്രയിക്കുന്നു, അവന്‍ എന്നെ ഒരുനാളും കൈവെടിയുകയില്ല.
14. യേശുവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചു വീണ്ടുംജനന അനുഭവം പ്രാപിപ്പാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നുവോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. ഒരുവന്‍റെ മരണം മൂലം സര്‍വ്വ മനുഷ്യരുടേയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകാന്‍ കഴിയുമോ?ഞാനൊരു കൊടും പാപിയാണ്. എന്നെപ്പോലെ പാപിയായ ഒരാള്‍ക്ക് പ്രതിശാന്തി കിട്ടുന്നതിനു വേണ്ടി ദൈവം എന്തെങ്കിലും പ്രത്യേക പരിപാടി ആവിഷ്കരിക്കേണ്ടതല്ലയോ?
എല്ലാവരും പാപം ചെയ്തു എന്ന് റോമര്‍ 3:23-ല്‍ പറയുന്നു. പാപത്തിന്‍റെ ശമ്പളം മരണം ആയതുകൊണ്ടും (റോമര്‍. 6:23) എല്ലാവരും പാപികളായി തീര്‍ന്നതുകൊണ്ടും ഓരോ വ്യക്തിക്കും പ്രത്യേക കരുതല്‍ ആവശ്യമാണ്. എല്ലാ മനുഷ്യര്‍ക്കും സമനായ ഒരാള്‍ക്ക് മാത്രമേ എല്ലാവര്‍ക്കും വേണ്ടി മരിക്കാന്‍ കഴികയുള്ളു. യേശു എല്ലാവരുടേയും സൃഷ്ടിതാവും ഉടമസ്ഥനും ആയിരിക്കുന്നത് കൊണ്ട് അവന്‍ അര്‍പ്പിച്ച ജീവന്‍ ഈ ലോകത്തില്‍ ജീവിക്കുന്ന എല്ലാവരുടെയും ജീവന് സമമായിരിക്കുന്നു. എല്ലാവര്‍ക്കും വേണ്ടി പകരക്കാരനായി യേശു മരിക്കുക മാത്രമല്ല തന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ നമ്മെ ഉയിര്‍പ്പിക്കാന്‍ പ്രാപ്തനായിത്തീരുകയും ചെയ്തു. യേശുവിന്‍റെ യാഗത്തിലൂടെ ലഭിച്ച ഉപകാരങ്ങള്‍ വിശ്വാസത്തിലൂടെ എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. "അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്‍വാന്‍ സദാ ജീവിച്ചിരിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു". എബ്രായര്‍. 7:25
2. ഞാന്‍ ക്രിസ്തുവിനെ അംഗീകരിച്ചു പാപക്ഷമ പ്രാപിച്ച ശേഷം വീണ്ടും തെറ്റില്‍ വീണു പോയാല്‍ അവന്‍ എന്നോടു വീണ്ടും ക്ഷമിക്കുമോ?
നമ്മുടെ പാപങ്ങളെ അനുതപിച്ചു ഏറ്റുപറയുകയാണെങ്കില്‍ അവന്‍ നമ്മുടെ പാപങ്ങളെ ക്ഷമിക്കും. "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." 1 യോഹന്നാൻ. 1:9
3. എന്‍റെ പാപാവസ്ഥയില്‍ എനിക്ക് എങ്ങനെ ദൈവത്തെ സമീപിക്കാന്‍ കഴിയും? ഒരു പുരോഹിതന്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതല്ലേ നല്ലത്?
യേശു ഈ ലോകത്തില്‍ ജഡത്തില്‍ ജീവിച്ചപ്പോള്‍ പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്ല്യനായി പരീക്ഷിക്കപ്പെട്ടതുകൊണ്ട് (എബ്രായര്‍. 4:15) അവന്‍ നമ്മെ അറിയുകയും നമ്മോടു കരുണ കാണിക്കയും ചെയ്യുന്നു. എബ്രായര്‍ 4:16 പ്രകാരം "കരുണ ലഭിപ്പാനായി...... നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" - എന്നു പറഞ്ഞിരിക്കുന്നു. യേശുവിലൂടെ നമുക്കു നേരിട്ടു ദൈവത്തിന്‍റെ അടുക്കല്‍ കടന്നുചെല്ലാം. യേശു അല്ലാതെ മറ്റൊരു പകരക്കാരനെ നമുക്കു ആവശ്യമില്ല. അവന്‍റെ കരുണയില്‍ ആശ്രയിച്ചു നമുക്കു ധൈര്യസമേതം യേശുവിന്‍റെ നാമത്തില്‍ പിതാവിന്‍റെ അടുക്കല്‍ കടന്നു ചെല്ലാം. യോഹന്നാൻ 14:14.
1 തിമൊഥെയൊസ് 2:5-ല്‍ ഇപ്രകാരം പറയുന്നു "ദൈവം ഒരുവനല്ലോ, ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവൻ, എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ".
4. എന്നെ രക്ഷിക്കുന്നതിനു ദൈവത്തെ സഹായിക്കാന്‍ എനിക്കു എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
ഇല്ല. ദൈവത്തിന്‍റെ രക്ഷാപദ്ധതി പൂര്‍ണ്ണമായും കൃപയാല്‍ ആണ് (റോമര്‍. 3:24; 4:5). "അതു ദൈവത്തിന്‍റെ ദാനമത്രേ ആകുന്നു." എഫെസ്യര്‍. 2:8. വിശ്വാസം മൂലം ദൈവം നമുക്കു കൃപ നല്കുന്നു എന്നുള്ളതു സത്യമാണ്; അതുപോലെ ദൈവത്തെ അനുസരിക്കുന്നതിന്നു വേണ്ട ആഗ്രഹവും ശക്തിയും നല്കുന്നതും അവന്‍ തന്നെ. ദൈവത്തിന്‍റെ കല്പനയോടു യോജിക്കുമ്പോള്‍ ആണ് ഇതു സാധിക്കുന്നത്. ദൈവത്തിന്‍റെ ദാനമായ കൃപയാല്‍ ആണ് ഈ അനുസരണവും സാധിക്കുന്നത്. സ്നേഹത്തില്‍ അധിഷ്ഠിതമായ സേവനവും കൂറും ആണ് അനുസരണം. ഇതു യഥാര്‍ത്ഥ ശിഷ്യത്വത്തിന്‍റെ മാതൃകയില്‍ ക്രിസ്തേശുവിലുള്ള വിശ്വാസത്തിന്‍റെ ഫലവും ആണ്.
5. ഞാന്‍ പാപക്ഷമ പ്രാപിച്ചു ദൈവ കുടുംബത്തിലെ അംഗമാകുന്നതോടുകൂടി എന്‍റെ പാപങ്ങള്‍ക്കു വേണ്ടിയുള്ള ശിക്ഷാവിധിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞിരിക്കുമോ? പാപപരിഹാരത്തിനു വേണ്ടി എന്തെങ്കിലും തരത്തിലുള്ള പ്രായശ്ചിത്തം വീണ്ടും ചെയ്യേണ്ടതുണ്ടോ?
തിരുവചനം പറയുന്നു, അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. റോമര്‍ 8:1. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ശിക്ഷാവിധി ക്രിസ്തു കാല്‍വറിയില്‍ നിര്‍വ്വഹിച്ചു; വിശ്വാസത്താല്‍ ക്രിസ്തുവിനെ അംഗീകരിക്കുന്നവര്‍ക്കു യാതൊരു പ്രായശ്ചിത്തവും ശുദ്ധീകരണത്തിന്നു ആവശ്യമില്ല. കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകപ്പെട്ടവരായി
നമ്മെ കണക്കാക്കിയിരിക്കുന്നു. ക്ഷമയുടെ മനോഹര വാഗ്ദത്തം യെശയ്യാവ് 43:25-ല്‍ കാണാന്‍ കഴിയും. "എന്‍റെ നിമിത്തം ഞാൻ, ഞാന്‍ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു. നിന്‍റെ പാപങ്ങളെ ഞാന്‍ ഓര്‍ക്കുകയുമില്ല." രക്ഷകനായ ദൈവത്തിന്നു തന്‍റെ ജനത്തോടുള്ള മനോഹരമായ മനോഭാവം മീഖാ. 7:18, 19 വാക്യങ്ങളില്‍ കാണാന്‍ കഴിയും. "അകൃത്യം ക്ഷമിക്കയും തന്‍റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ? അവന്‍ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല. ദയയിലല്ലോ അവന്നു പ്രസാദമുള്ളത്. അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും സമുദ്രത്തിന്‍റെ ആഴത്തില്‍ ഇട്ടുകളയും."
പാഠസംഗ്രഹ ചോദ്യങ്ങൾ
1. മനുഷ്യര്‍ക്ക് കൊടുത്ത എന്തു വലിയ ദാനത്തിലാണ് ദൈവം സ്വര്‍ഗ്ഗം മുഴുവനും നല്കിയത്?(1)
_____ ബൈബിള്‍.
_____ അവന്‍റെ സഭ.
_____ യേശു ക്രിസ്തു.
_____ കല്പന.
2. ലോകം കണ്ടിട്ടുള്ള സ്നേഹത്തിന്‍റെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍ എന്താണ്? (1)
_____ അപ്പവും മീനും.
_____ യേശുവിന്‍റെ ക്രൂശിലെ മരണം.
_____ പെന്തെക്കോസ്ത്.
_____ പത്രൊസിന്‍റെ അനുതാപം.
3. ക്രിസ്തുവിന്‍റെ ക്രൂശിലെ യാഗം ആര്‍ക്കുവേണ്ടിയാണ്? (1)
_____ എല്ലാവര്‍ക്കും.
_____ നീതിമാന്മാര്‍ക്ക് മാത്രം.
_____ ദുഷ്ടന്മാര്‍ക്ക് മാത്രം.
_____ രക്ഷയ്ക്കുവേണ്ടി മുന്‍ കുറിക്കപ്പെട്ടവര്‍ക്ക്.
4. ഏതു തരത്തിലുള്ള വ്യക്തികളെയാണ് ദൈവം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്? (1)
_____ സഭാവിശ്വാസികളെ.
_____ വ്യഭിചാരികളെയും മോഷ്ടാക്കളേയും.
_____ എല്ലാവരേയും ഒരുപോലെ.
_____ വീണ്ടും ജനിച്ച ക്രിസ്ത്യാനികളെ.
5. ക്രിസ്തു മനുഷ്യ കുടുംബത്തില്‍ ജനിച്ചത്. (1)
_____ പാപത്തിന്‍റെ ശിക്ഷ വഹിക്കുന്നതിന്.
_____ നാം എത്ര ബലഹീനരാണെന്ന് അറിയാൻ.
_____ നല്ല ഒരു തച്ചനാകുവാൻ.
6. രക്ഷ പ്രാപിക്കുന്നതിന് ഒരു വ്യക്തി തീര്‍ച്ചയായും(1)
_____ ബൈബിള്‍ പാഠാവലി പഠിക്കണം.
_____ സഭയില്‍ അംഗമാകണം.
_____ അന്യഭാഷയില്‍ സംസാരിക്കേണം.
_____ രക്ഷ ദാനമായി സ്വീകരിക്കണം.
7. നാം രക്ഷിക്കപ്പെടുന്നത് (1)
_____ സല്‍പ്രവൃത്തികളാല്‍.
_____ കൃപയാല്‍.
_____ ആഗ്രഹത്താല്‍.
8. ക്ഷമയും അംഗീകാരവും നമുക്ക് നൽകുന്ന അനുഭവം (2)
_____ നമുക്കു വീണ്ടും പാപം ചെയ്യാം.
_____ ലോക ഇമ്പങ്ങള്‍ വിട്ടതിലുള്ള ദുഃഖം.
_____ സന്തോഷവും സമാധാനവും.
_____ നിത്യജീവന്‍റെ ഉറപ്പ്.
9. അനുസരണം എന്ത് അടിസ്ഥാനത്തില്‍ (1)
_____ നരകത്തെക്കുറിച്ചുള്ള ഭയം.
_____ സ്നേഹിതന്മാരുടെ അംഗീകാരത്തിന്നു വേണ്ടിയുള്ള ആഗ്രഹം.
_____ യേശുവിനോടുള്ള സ്നേഹം.
10. ക്രിസ്തീയ പെരുമാറ്റം അഥവാ കല്പനാനുസരണം (1)
_____ നിയമാനുഷ്ടാനത്താല്‍ രക്ഷ നേടാനുള്ള ശ്രമം.
_____ ശരിയായ മാനസാന്തരത്തിന്‍റെ ഫലങ്ങളില്‍ ഒന്ന്.
_____ അപ്രധാനം.
11. ക്രിസ്തുവും ആയിട്ടുള്ള വിവാഹത്തിന്‍റെ സാദൃശ്യം(1)
_____ ഒരു സന്യാസി മഠത്തില്‍ ചേരുന്നത്.
_____ സ്നാനം.
_____ വിവാഹ മോതിരം വലതുകൈയ്യിൽ അണിയുന്നത്.
_____ ബ്രഹ്മചര്യം ആചരിക്കുന്നത്.
12. ക്രിസ്തുവുമായി സ്നേഹത്തില്‍ കഴിയുവാനുള്ള പ്രധാനപ്പെട്ട രണ്ടു മാര്‍ഗ്ഗങ്ങള്‍ (2)
_____ ദിവസേന ബൈബിള്‍ പഠിക്കുക.
_____ ഔദാര്യമായി കാണിക്ക നല്കുക.
_____ പന്നിയിറച്ചി തിന്നാതിരിക്കുക.
_____ സ്ഥിരമായ പ്രാര്‍ത്ഥനാ ജീവിതം നയിക്കുക.